കൂത്തുപറമ്പ്: മരം വെട്ടുന്നതിനിടെ കാലിന് മുറിവേറ്റ് മരത്തിൽ കുടുങ്ങിയ തൊഴിലാളിക്ക് രക്ഷകരായി ഫയർ ഫോഴ്സും നാട്ടുകാരും. ചെറുവാഞ്ചേരി കണ്ണവം ഉന്നതിയിലെ പ്രഭുവിനെയാണ് സാഹസികമായി രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. സൗത്ത് പാട്യം യുപി സ്കൂളിന് സമീപത്തെ എം. രവീന്ദ്രന്റെ വീട്ടുപറമ്പിലെ മരം വെട്ടുന്നതിനിടെയാണ് പ്രഭു മരത്തിൽ കുടുങ്ങിപ്പോയത്.
മരംവെട്ട് യന്ത്രം കൊണ്ട് കാലിന് മുറിവേറ്റ പ്രഭു ക്ഷീണിതനായി മരത്തിൽനിന്ന് ഇറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരനായ ഷൈജു മാറോളി മരത്തിൽ കയറി ഇയാളെ ഫയർ ഫോഴ്സ് എത്തുന്നതുവരെ സുരക്ഷിതമായി നിർത്തി. കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സെത്തി ലേഡറും റോപ്പും റസ്ക്യൂ നെറ്റും ഉപയോഗിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് സുരക്ഷിതമായി താഴെ എത്തിച്ചത്.
നേരത്തെ തന്നെ സജ്ജമാക്കി വച്ച ആംബുലൻസിൽ പ്രഭുവിനെ തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചു. പാനൂർ ഫയർ സ്റ്റേഷൻ ഓഫീസർ എസ്. വരുൺ, ഗ്രേഡ് സ്റ്റേഷൻ ഓഫീസർമാരായ കെ. ദിപുകുമാ ർ, സുനിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിരൂപ്, അനിൽ, കൂത്തുപറമ്പ് ഫയർ സ്റ്റേഷനിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ പി.കെ. ജയരാജൻ, അസിസ്റ്റന്റ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ. സജിത്ത്, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ വിജേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.